Wednesday, September 23, 2009

ഓര്‍മകളില്‍ മരംപെയ്യുമ്പോള്‍..





ഗ്രിഹാതുരത്വമുനര്തുന്ന
ഒരുപിടി നല്ല ഓര്‍മകളാണ് നാടും നാട്ടിടവഴികളും തരുന്നത്.. എത്ര കണ്ടാലും മതി വരാത്ത പച്ചപ്പും, പുലര്‍കാല കൗതുകം പോലെ മൂടല്‍ മഞ്ഞും, സ്നേഹവും സന്തോഷവും എങ്ങും വീശുന്ന കാറ്റും നമ്മുടെ നാടിന്റെ മാത്രം സ്വന്തം..കേരളത്തെ പോലെ കേരളം മാത്രം.. ഒരു പക്ഷെ അങ്ങ് സ്വര്‍ഗത്തില്‍ ഇതിനെക്കാളും മനോഹരമായ വേറെ ഇടങ്ങള്‍ ഉണ്ടാവുമായിരിക്കാം.. ലോകത്തിന്റെ ഏതുകോണില്‍ പോയാലും, എന്തൊക്കെ സൌഭാഗ്യങ്ങള്‍ നേടിയാലും എത്ര ഉന്നതങ്ങള്‍ കീഴടക്കിയാലും ഒടുവില്‍ ഒരിറ്റു സാന്ത്വനം കൊതിച്ചു അമ്മയുടെ മടിത്തട്ടില്‍ തലചായ്ക്കാന്‍ നാമെല്ലാം ഓടി വരുന്നത് ഈ മണ്ണിലേക്കല്ലേ?









കൊതിപ്പിക്കുന്ന ഒരു സൌകുമാര്യമാണ് ഇവിടെ എല്ലാവരേയും കാത്തിരിക്കുന്നത്. മനം കുളിപ്പിക്കുന്ന ഒരു അഭൌമ ചാരുത.. എത്ര കണ്ണുകള്‍ കൊണ്ട് കണ്ടാലും മതിവരാത്ത അനേകം ചിത്രങ്ങള്‍.. എത്ര കേട്ടാലും മതിവരാത്ത കുയില്പാട്ടുകളും കിളിനാദങ്ങള്‍.. എത്ര പറഞ്ഞാലും തീരാത്ത നാട്ടുവിശേഷങ്ങള്‍.. എത്ര വര്ണിച്ചിട്ടും പോരാത്ത ഈ നാടിന്റെ ഭംഗി..







ഇനി മടങ്ങി വരുമ്പോള്‍ ഇവിടെ ബാക്കി എന്തുണ്ടാവും..? ഒരു plastic ഭൂമിയുടെ തുണ്ടോ? ജലാശയങ്ങള്‍ ഒക്കെ മിച്ചം ഉണ്ടാവുമോ..? ഇടവത്തില്‍ ഇടി മുഴക്കി പെയ്യുന്ന, തുലാത്തില്‍ തകര്‍ത്ത് പെയ്യുന്ന, ചിങ്ങത്തില്‍ നമ്മുടെ പൂക്കളങ്ങളെ ചന്നംപിന്നം പെയ്തു അലിയിക്കുന്ന, കര്‍ക്കിടകത്തില്‍ കണ്ണീര്‍വാര്‍ക്കുന്ന മഴയുണ്ടാവുമോ..? പച്ചവിരിച്ച നെല്‍പാടങ്ങള്‍ ഉണ്ടാവുമോ..? ധനുമാസത്തില്‍ തിരുവാതിരക്കുളിരുണ്ടാവുമോ..? മേടത്തില്‍ കണിവെക്കാന്‍ കൊന്നപ്പൂവുകള്‍ വിരിയുന്ന കൊന്നമരങ്ങള്‍ ഉണ്ടാവുമോ..? ഓണത്തിന് നമുക്ക് കളമിടാന്‍ പൂവുകള്‍ വിരിയുന്ന തൊടികള്‍ ഉണ്ടാവുമോ..? കൂട്ടുകറികളും, ഓലനും, കാളനും, പരിപ്പുമൊക്കെ വെക്കാന്‍ അറിയുന്ന, തൃക്കാക്കരയപ്പന് കൊടുക്കാന്‍ അപ്പം ഉണ്ടാക്കാനറിയുന്ന അമ്മമാരും മുത്തശ്ശിമാരും ഉണ്ടാവുമോ..?







ഞാന്‍ ക്ഷീണിച്ച്‌, തളര്‍ന്ന് മടങ്ങി വരുമ്പോള്‍ എനിക്ക് തലചായ്ചുറങ്ങാന്‍ സ്നേഹത്തിന്റെ പരിഭവങ്ങള്‍ നീര്‍ത്തുന്ന മടിശീലയുണ്ടാവുമോ..? തലോടാന്‍ സ്നേഹം കിനിയുന്ന നേര്‍ത്ത ആ വിരലുകള്‍ ഉണ്ടാവുമോ..?








അടുത്ത ചിങ്ങത്തിനായി ഞാന്‍ കാത്തിരിക്കുന്നു.. നരിച്ചീറുകള്‍ പറക്കുന്ന ആകാശങ്ങള്‍ കൊതിച്ച്..ഓര്‍മകളില്‍ നിറയെ മരംപെയ്യിച്ചു നിര്‍ത്തുന്നു.. അതിന്റെ കുളിരില്‍ നനഞ്ഞു ഞാനും എന്റെ സ്വപ്നങ്ങളും കാത്തിരിക്കുന്നു..

എല്ലാം തണുപ്പിക്കുന്ന ഒരു മഴക്കായ്‌..

Wednesday, September 9, 2009

എന്താണ് നിങ്ങള്ക്ക് പ്രണയം..? Please post your valuable comments..

എഴുതുന്ന വാക്കുകള്‍ക്കും അപ്പുറം നിറമോ മണമോ ശബ്ദമോ ഇല്ലാതെ നിലകൊള്ളുന്ന വികാരം എന്താണ്..?
നമ്മുടെ ഒക്കെ മന്നസ്സുകളില്‍ ഒരു കാലത്ത് കനല്‍ കോരിയിട്ടു, ചിന്തകളെ ചൂടുപിടിപ്പിച്ച ആ മാസ്മര വികാരം..
നമ്മളൊക്കെ പ്രണയം എന്ന് വിളിക്കുന്ന ഒരു സങ്കല്‍പം..
പ്രണയം ഒരിക്കലും സാങ്കല്പികം അല്ല എന്ന് അതിന്റെ തീവ്രത അറിഞ്ഞവര്‍ തര്‍ക്കിക്കും. പ്രണയത്തിന്റെ വിവിധ ഭാവങ്ങള്‍ക്കപ്പുറം നഷ്ടപെട്ടുപോയത്തിന്റെ മര്‍മരം താലോലിക്കുന്നവര്‍..
ഇന്നും സ്നേഹം മാത്രം കൊതിച്ചു അത് തേടി നടക്കുന്നവര്‍..
ബ്ലോഗ്‌ ഇന്റെ താളുകള്‍ മറിക്കുമ്പോള്‍ തെളിയുന്നത്‌ പ്രണയത്തിന്റെ വിവിധ മുഖങ്ങള്‍ ആണ്..
എന്ത് കൊണ്ടെന്നാല്‍ പ്രപഞ്ചം തന്നെ നിലനില്‍കുന്നത്‌ സ്നേഹം എന്ന പ്രതിഭാസത്തിലൂന്നിയാനെന്നു സംശയലേശമന്യേ പറയുന്നു. അതു തന്നെയാണ് സത്യമെന്നു പലരും വിശ്വസിക്കുന്നു.
നമ്മള്‍ കാണാത്ത പല സൌന്ദര്യങ്ങളും നമ്മുടെ കണ്ണുകള്‍ക്ക്‌ ഗോച്ചരമാകുന്നത് പ്രണയത്തിന്റെ കണ്ണുകളിലൂടെ നോക്കുമ്പോള്‍ മാത്രം..
എന്നും കേള്‍കുന്ന ഗാനങ്ങള്‍ക്ക് മാധുര്യം കൂടുന്നത് പ്രണയിയുടെ കത്തുകളിലൂടെ ശ്രവിക്കുമ്പോള്‍ മാത്രം..
വാക്കുകള്‍ തേന്‍ പുരണ്ടത് പോലെ തോന്നുന്നത് ശബ്ദം പ്രണയാതുരമാവുമ്പോള്‍ മാത്രം..
വരണ്ട മണ്ണില്‍ ചെടി മുളയ്ക്കാത്തത്‌ പോലെ വരണ്ട മനസ്സിലും പ്രണയം ഉണ്ടാവാറില്ല. അതിനു വഴക്കമുള്ള മനസ്സ് വേണം..
കവിത വിരിയുന്ന മനസ്സാണ് പ്രണയം..
പ്രണയത്തിനു പ്രായമില്ല, കാലമില്ല, നിറമില്ല, വര്‍ഗ്ഗ ജാതി ഭേദങ്ങള്‍ ഇല്ല.. ഖലില്‍ ജിബ്രാന്‍ എഴുതിയത് പോലെ
"പ്രണയം എല്ലാത്തിനെയും പോലെ ഒരു വികാരമാണ്, വിത്യാസം ഒന്നില്‍ മാത്രം, പ്രണയം ഒന്നും കൊണ്ടും നിറയുന്നില്ല, അതിന്റെ ഇണയുടെ മുന്നില്‍ അല്ലാതെ.."
(This is an excerpt from the Brazilian writer Paulo Coelho's award winning blog note of the month.. Please post your valuable comments)

Tuesday, February 17, 2009

അമൃതം ഗമയ: ...

ഒരു മഴയുടെ മര്‍മരം കൊതിച്ചു തളര്‍ന്നുറങ്ങിയ രാവുകളും
ഒരു പുഴയുടെ മടിയില്‍ തലചായ്ച്ച് കുളിര്‍ത്തു മുങ്ങിനിവരാന്‍ കൊതിച്ച പകലുകളും
വസന്തത്തിന്റെ തലോടല്‍ അറിഞ്ഞു മയങ്ങാന്‍ മോഹിച്ച സന്ധ്യകളും ഒടുവില്‍ അഗ്നിയുടെ ചൂടില്‍ ലയിച്ചു പാപമുക്തയാവാന്‍ തുടിച്ച
ഒരു മനസ്സും മാത്രമാണിന്ന് എനിക്ക് സ്വന്തം

അകലും തോറും വീണ്ടും വീണ്ടും എന്നിലെക്കടുക്കുന്ന
മോഹിപ്പിച്ചു വീണ്ടും അകലെ മറയുന്ന
കാലത്തിന്റെ കൂത്തമ്പലത്തില്‍ തുള്ളി കളിക്കുന്ന
ഒരു പാവം പച്ചകുതിരയായി ജീവിതം
ഒരു ചോദ്യചിന്നതിന്റെ ഭാവം പൂണ്ടുനില്ക്കുന്നത് കണ്ടു എല്ലാവരും ചിരിക്കുന്നു..

ഞാന്‍ അശോകവനിയിലെ സീതയല്ല..
രാമന്റെ മാറിലെ ചൂടു ഞാന്‍ അറിയുന്നില്ല,
ലക്ഷ്മണന്റെ കരുതലോ ദയയോ ഇല്ല..
ഉള്ളത് ചുറ്റിലും രാവണന്മാര്‍ മാത്രം..
ദംഷ്ട്രകള്‍ നീട്ടി എന്റെ സ്ത്രീത്വം കാര്‍ന്നു തിന്നാന്‍ വെമ്പല്‍ കൊള്ളുന്ന അസുരന്മാര്‍ മാത്രം..

ഞാന്‍ കണ്വാശ്രമത്തിലെ ശകുന്തളയല്ല..
എനിക്കായി ഒരു മുദ്രമോതിരം തരാന്‍ ഒരു ദുഷ്യന്ത മഹാരാജവുമില്ല..
ഉള്ളത് വെറും നിഴലുകള്‍ മാത്രം..
അസ്ഥിത്വമില്ലാത്ത, വെളിച്ചത്തിനപ്പുരം നിലനില്‍പ്പില്ലാത്ത കറുത്ത നിഴലുകള്‍ മാത്രം..

ഞാന്‍ ഭൈമ പുത്രിയായ ദമയന്തിയല്ല ..
എനിക്കായി ഹംസദൂതയക്കാന്‍ നളനുമില്ല..
ഉള്ളതെല്ലാം നളന്റെ അപരന്മാര്‍ മാത്രം..
സ്നേഹം നൈമിഷികമായ ഒരു വിനോദമായി കാണുന്ന കുറേ നളന്മാര്‍..

അമ്പാടിയിലെ രാധയാണോ ഞാന്‍..?
പക്ഷെ എനിക്കായി സ്നേഹത്തിന്റെ അമൃത്‌ പകരുന്ന,
എന്റെ സ്നേഹവും സ്വപ്നങ്ങളും കവര്‍ന്നെടുത്ത കണ്ണനില്ല..
ഉള്ളത് ഒരു രാധ മാത്രം..
സ്നേഹം സത്യമാണെന്ന് വിശ്വസിക്കുന്ന അതില്‍ ആനന്ദം കണ്ടെത്തുന്ന ഒരു രാധ മാത്രം..
എന്റെ കണ്ണന്‍ പക്ഷെ എന്നെ കാണുന്നില്ല ..

അറിയാത്ത ഒരു നിര്‍വികാരത എന്റെ കണ്ണുകളെ വെളിച്ചത്തില്‍ നിന്നു
മറച്ചു നിര്ത്തുന്നു..
പരസ്പരം അറിയാത്ത ഒരു സന്കല്പത്തിനെ തേടി നടന്ന ഒരു നൈമിഷിക യാത്രയിലായിരുന്നു
എന്റെയും നിങ്ങളുടെയും ജീവിതം എന്ന് തിരിച്ചരിയുന്നിടത്
ജീവന്റെ അവസാന ശ്വാസം ദേഹം വിട്ടു പുറത്തു പോകയോ..?

എഴുതുവാന്‍ ഇനിയും എത്രയോ സ്വപ്‌നങ്ങള്‍ ബാക്കിയാക്കി ..
വേദനകള്‍ അവശേഷിപ്പിച്ചു ..
ചാലിച്ച് വെച്ച എത്രയോ നിറക്കൂട്ടുകളും ബാക്കിയാക്കി
ശാശ്വതമായ സ്നേഹം തേടി അനന്ത വിഹായിസ്സിലെ നീര്മാതള ചോട്ടിലേക്ക് പാറിപറന്നു പോയ ആമിക്ക് സമര്‍പ്പിക്കുന്നു ..
എന്റെ നഷ്ടസ്വപ്നങ്ങളുടെ ഒരു തിരിനാളം..

സ്നേഹപൂര്‍വം..

Wednesday, December 17, 2008

കാലം വരയ്ക്കാന്‍ മടിക്കുന്നത്...

ചക്രവാളത്തിനപ്പുറം കാലം മറഞ്ഞു നില്ക്കുന്ന കാഴ്ച
ഇടയ്ക്കിടെ മിന്നല്‍ പിണറുകള്‍ കാട്ടി ചിരിച്ചും
ഇടിമുഴക്കം നല്കി പേടിപ്പിച്ചും കണ്ണിറുക്കി കാണിക്കുന്ന മഴമേഘങ്ങള്‍
അഗ്നികുംഭം മടിയില്‍ ഒളിപ്പിച്ചു ചിരിക്കുന്ന ഭൂമി
സംഹരിക്കാന്‍ കാത്തു നില്ക്കുന്ന കൊടുംകാറ്റിനെ ഉള്ളിലൊതുക്കി നില്ക്കുന്ന കടല്‍...
എന്നെ നോക്കി ചിരിക്കുമ്പോഴും ഉള്ളില്‍ കൊഞ്ഞനം കാട്ടുന്ന മുഖങ്ങള്‍...

കണ്ണുകള്‍ക്ക്‌ മീതെ ഞാന്‍ ഒരു പര്‍ദ അണിയുകയാണ്
കാഴ്ചകള്‍ ആരോചകമാവുമ്പോഴും
കണ്ണുകള്‍ എന്നെ ചതിക്കാന്‍ തുടങ്ങുമ്പോഴും
ഇതിനെക്കാള്‍ നല്ല വേറെ എന്തുണ്ട് വഴി???
കാണുന്നതിനെ മാത്രം വിശ്വസിക്കാന്‍ പഠിപ്പിച്ച തത്വ ശാസ്ത്രത്തെ ഞാന്‍ ധിക്കരിക്കുന്നു
അതുകൊണ്ട് മാത്രം ഞാന്‍ എല്ലാവര്ക്കും മുന്‍പില്‍ ഒരു അഹങ്കാരിയായി പോയി...

പിന്നെ സ്വന്തമായി എന്തും കേള്‍ക്കാന്‍ തയ്യാറായി നില്‍ക്കുന്ന ഒരു ചെവി..
എന്ത് പറഞ്ഞാലും കേള്‍ക്കുന്ന പാവം ചെവി പക്ഷെ നാവിന്റെ ആയുധ്മാവുമ്പോള്‍
വീണ്ടും എനിക്ക് വിശേഷണങ്ങള്‍ ഏറുന്നു
ഞാന്‍ എന്റെ ദുഷിച്ച നാവിന്റെ കാവലാളായി പോയി
പറയുന്നതിനെ ചിന്തിക്കാതെ കാതിനെ മാത്രം കേട്ടു..
കണ്ണിനെ മാത്രം കണ്ടു...
ജീവിതം എന്നെ നോക്കി വീണ്ടും കൊഞ്ഞനം കാട്ടി...

കൈകുടന്നയിലെ ജലം പോലെ വാര്‍ന്നു പോകുന്ന പ്രായവും കാലവും
അതിന്റെ രഥം ഉരുളുന്ന വീഥിയും എന്നെ ഭയപ്പെടുത്തി
രാവുകളെ ഞാന്‍ കാത്തിരുന്നു
പകലുകളെ ഭയന്നു
എന്റെ രൂപവും അഹന്കാരിയും ധിക്കരിയുമായ എന്റെ മനസ്സും
ആരും കാണാതിരിക്കാന്‍ ഞാന്‍ എനിക്ക് ചുറ്റും ഒരു കൂട് തീര്‍ത്തു...

ഇന്നു നിന്റെ സാമീപ്യം പോലും എനിക്ക് വേദനയാണ്
ആ വേദന എന്നെ കാര്‍ന്നുതിന്നുന്നത്‌ ഞാന്‍ അറിയുന്നു...
നിന്നെ മറക്കുമ്പോഴും നീ നിന്റെ നീരാളിക്കൈകള്‍ കൊണ്ട് എന്നെ ഞെരുക്കുകയാണോ??? നിന്നില്‍നിന്നോടിഅകലുമ്പോഴും എന്നെ നീ നിന്നിലേക്ക്‌ ചേര്‍ത്ത് നിര്‍ത്തുന്നുവോ???

എന്റെ സ്വപ്നങ്ങള്‍ക്ക് പീതവര്‍ണ്ണം ചാര്‍ത്തി,
എന്റെ കാലുകളില്‍ ചിലങ്ക ചാര്‍ത്തി,
എന്റെ മുടിയില്‍ പൂവ് ചൂടിച്ച്,
എന്നെ തരളിതയാക്കിയ നിന്റെ സ്നേഹം ഇന്നെവിടെ...??
ഇന്നു എത്രയോ വേദനകള്‍ക്കു ശേഷം എന്റെ കൈകള്‍ കൊണ്ട്
കാലം വരയ്ക്കുവാന്‍ വെമ്പുന്നത് നിന്റെ ചിത്രമോ???
ഒരിക്കലും പൂര്‍ത്തിയാവാത്ത നിന്റെ മാത്രം ചിത്രമോ???

Tuesday, November 4, 2008

ജലമര്മരം...ഇനി എത്രനാള്‍...???

ഓര്‍മചെപ്പില്‍ നമ്മള്‍ എന്നും സൂക്ഷിക്കുന്ന ഒരു മയില്പീലിയാണ് ഭാരതപ്പുഴ...
നമ്മുടെ സ്വകാര്യ അഹങ്കാരം...
അമ്മയുടെ മടിയില്‍ തല ചായിക്കുമ്പോള്‍ കിട്ടുന്ന സുഖമാണ്
ഭാരതപ്പുഴയുടെ തലോടല്‍...
ആ ദിവ്യ സ്പന്ദനം സ്വപ്നം കണ്ടുറങ്ങിയ പകലുകള്‍ ഉണ്ടെനിക്ക് പറയാന്‍...
മടുപ്പിക്കുന്ന സാഹിത്യ ക്ലാസ്സുകളില്‍
പുഴയുടെ സ്പന്ദനം, അതിന്റെ നനുത്ത മണല്‍ വിരിച്ച തീരങ്ങള്‍
ഇവയൊക്കെ ആയിരുന്നു എന്റെ ആവേശങ്ങള്‍...
എം ടി യുടെ കഥകളില്‍ ഞാന്‍ വായിച്ചു അനുഭവിച്ച
പി യുടെ കവിതകളില്‍ നിറഞ്ഞു നിന്ന നാട്ടിന്‍പുറത്തുകാരിയായ സുന്ദരി...
ഓര്‍മകളുടെ അദൃശ്യമായ തീരങ്ങളില്‍ എവിടെയോ
പുഴയിലെ തണുത്ത വെള്ളത്തില്‍ എന്റെ കാല് നനയ്ക്കുന്നത് ഞാന്‍ സ്വപ്നം കണ്ടു...
അതിന്റെ സുഖത്തില്‍ മയങ്ങിയപ്പോള്‍
ഒരു തൂവല് പോലെ ഒഴുക്കിനൊപ്പം ഞാന്‍ ഒഴുകുന്നത്‌ കണ്ടു പൊട്ടിച്ചിരിച്ചു...
എന്നും പതിനാരുകാരിയാണ് എന്റെ മനസ്സിലെ പുഴ
എന്നാല്‍ നേരില്‍ ഞാന്‍ കണ്ടതോ വെറും ഒരു മണല്‍ക്കാട്...
വിരിമാറിലൂടെ ചാല് പോലെ ഒരല്പം 'ജലം'
നഗ്നയായ പുഴ നാണം മറയ്ക്കാന്‍ ഒരല്പം ജലത്തിനായ്‌ കേഴുന്ന കാഴ്ച...
പുഴയെ കാണാന്‍ കൊതിച്ചു നിന്ന എനിക്ക്
ഒരിക്കല്‍ കൂടി നോക്കാന്‍ മടിതോന്നി... ഒപ്പം വേദനയും

പിന്നീട് ഒരു ഋതുവിനും ഒരു വേനലിനും ശേഷം
പറയാതെ വന്ന തുലാമഴയില്‍ നിലാവിന്റെ വെള്ളിവെളിച്ചത്തില്‍
ഞാന്‍ കാണുമ്പൊള്‍നിറയൌവനം തുളുമ്പി പുഴ ചിരിക്കുന്ന കുളിര്പിക്കുന്നകാഴ്ച..
അത് കണ്ടപ്പോള്‍ തന്നെ ഉള്ളു തണുത്തു...
അതില്‍ മുങ്ങി നിവര്‍ന്ന പോലെ ഒരു കുളിര്...
എത്ര കണ്ടാലും കൊതി തീരാത്ത പോലെ...
കൊതിപ്പിക്കുന്ന ഒരു ചന്ദം ഉള്ളില്‍ നിറച്ചു ചിരിച്ചു പുഴ ഒഴുകുന്നു...

കണ്ണിനും മനസ്സിനും വാരിക്കോരി ഉല്‍സവ ക്കാഴ്ച കൊടുക്കുന്ന നിന്നോട് പറയാന്‍ ഇത്രമാത്രം...
"take care of yourself..."

Thursday, October 23, 2008

ചെമ്പകങ്ങള്‍ പൂക്കുന്നത് എന്തിനുവേണ്ടി...???

ചെമ്പകത്തിന്റെ ഗന്ധം ആണ് എനിക്ക് ഏറെ ഇഷ്ടം...
പിന്നെ മുല്ലപ്പൂവിന്റെ...
കൈകളിലൂടെ ഹൃദയത്തിലേക്ക് ആ ഗന്ധം സഞ്ചരിക്കുമ്പോള്‍
ഒരു നവ്യാനുഭൂതി...
ഒരു പ്രത്യേക സുഖം...


കണ്ണടച്ച് അത് ആത്മാവിലേക്ക് ആവാഹിക്കുമ്ബൊല് ഓര്‍മകളുടെ ഒരു പെരുമഴ...
പലപ്പോഴും ഈ ഗന്ധങ്ങള്‍ ബാക്കി വെക്കുന്നത് വേദനിപ്പിക്കുന്ന ചില ഓര്‍മകള്‍ ആണ്...
വേണ്ടെന്നു വെക്കുമ്പോള്‍ ചിന്തകളിലേക്ക് ഊളിയിട്ടു വരുന്ന ചില നൊമ്പരങ്ങള്‍ ആണ് ...
പറഞ്ഞു തുടങ്ങുമ്പോള്‍ വാക്കുകളില്‍ എല്ലാം നീ ബാക്കി വെച്ചു പോയ ചില ചിത്രങ്ങള്‍...
എത്ര മറക്കാന്‍ ശ്രമിച്ചാലും വീണ്ടും വീണ്ടും തികട്ടി വരുന്ന നിന്റെ ഓര്‍മ്മകള്‍...
വൃന്ദാവനത്തിലെ രാധ കണ്ണനെ തേടുന്നത്‌ പോലെ..


ഇവിടെ, ലോകത്തിന്റെ ഈ ചെറിയ കോണില്‍
ഞാന്‍ നിന്നെ തേടുകയാണ്...
നീ തിരികെ വരില്ലെന്ന് അറിയാമെന്കിലും
ഓരോ ദിവസവും കാണുന്ന മുഖങ്ങളില്‍ എല്ലാം ഞാന്‍ കാണുന്നത് നിന്നെയാണ്...
ഒരിക്കലും കണ്ടിട്ടില്ലാത്ത നിന്റെ മുഖം മാത്രം...
വരുമ്പോള്‍ ചോദിയ്ക്കാന്‍ ഒരു ചോദ്യവും...
കേള്കുന്നതെല്ലാം നിന്റെ മാത്രം ശബ്ദം..
കേട്ടു മാത്രം എനിക്കറിയുന്ന നിന്റെ ശബ്ദം...


"രാത്രിയുടെ ഈ തണുത്ത കോണില്‍.. എന്തിന് എന്നെ നീ തനിച്ചാക്കി കടന്നു പോയി..??
എന്തിന് വെറുതേ എനിക്ക് സ്വപ്‌നങ്ങള്‍ തന്നു..??
വെറുതേ ആണെന്കിലും എന്തിന് എന്നെ നീ സ്നേഹിച്ചു, മോഹിപ്പിച്ചു...??"



മുന്‍പിലുള്ള എല്ലാ വഴികളിലും ഞാന്‍ നിന്നെ കാത്തിരിക്കുന്നു...
നിന്നെ മാത്രം...
നീ വരില്ലെന്ന് അറിയാമെന്കിലും...
പ്രതീക്ഷിക്കുന്നു...
ജീവന്റെ അവസാന ശ്വാസം വരെയും...

Monday, October 13, 2008

ഒരു ബ്ലാക്ക്‌ & വൈറ്റ് സ്വപ്നം

ബാല്യത്തിന്റെ നിറം എന്താണ്...??

ബാല്യത്തിനു നിറമോ?

അസാധ്യം...

എന്ത് കൊണ്ടെന്നാല്‍ ബാല്യത്തില്‍ സ്വപ്നങ്ങള്‍ക്ക് അനുവാദമില്ല

ബാല്യം എന്നത് കഞ്ഞിയും കറിയും വെച്ചു കളിക്കുന്ന

അമ്മയുടെ ചൂടു പറ്റി സാരി തുമ്പില്‍ ഞാന്നു കളിക്കുന്ന

വികൃതി അതിന്റെ പാരമ്യത്തില്‍ എത്തുന്ന ഒരു അനുഭൂതിയാണ്...

അത് അനുഭൂതിയാണെന്ന് നമ്മള്‍ തിരിച്ചറിയുമ്പോള്‍ പക്ഷെ ബാല്യം

നമ്മെ വിട്ടുകാതങ്ങള്‍ അകലെ മാറി നിന്നു ചിരിക്കാനും

കൊഞ്ഞനം കാട്ടാനും തുടങ്ങിയിട്ടുണ്ടാവും

നഷ്ടമായതോന്നും തന്നെ തിരിച്ചു പിടിക്കാനാവില്ലെന്നു

വേദനയോടെ നമ്മള്‍ തിരിച്ചറിയാന്‍ തുടങ്ങും

അതിന്റെ നോവ്‌ മാറ്റാന്‍ നമ്മള്‍ മക്കളെ താലോലിക്കും

അവരുടെ കുസൃതികള്‍ നമ്മള്‍ ആസ്വദിക്കും

സ്വകാര്യമായി അഹന്കരിക്കും

"എനിക്കും ഉണ്ടായിരുന്നു ഇതിനെക്കാള്‍ നല്ല ഒരു ബാല്യകാലം"

എന്ന് ജല്പിക്കും...


ബാല്യത്തിനു ശേഷം വരുന്ന ക്ഷുഭിത കൌമാരത്തിന്/യൌവ്വനതിനു നൂറുനിറം ....

വിവിധങ്ങളായ നിറങ്ങള്‍ കൊണ്ടു തീര്ത്ത മാരിവില്ലാണ് അന്ന് മനസ്സു നിറയെ

"എല്ലാ കണ്ണുകളും എന്നെ നോക്കുന്നു" എന്നോര്‍ത്ത് ലജ്ജിച്ചേ നമ്മള്‍ നടക്കൂ...

എപ്പോളും കണ്ണുകള്‍ കഥയും കവിതയും പറഞ്ഞു ചിരിക്കുന്നത് നമ്മള്‍ ആസ്വദിക്കും

എന്നും നിറയെ സ്വപ്‌നങ്ങള്‍ കാണും...

ഒടുവില്‍ കൌമാരം വിടപറയുമ്പോള്‍ സ്വപ്നം മാത്രം ബാക്കിയാവും...

ഒരു പിടി കണ്ണീര്‍ പൂക്കളും...



ജീവിത പാച്ചിലിനിടയില്‍ പിന്നെ സ്വപ്നത്തിനു നേരമെവിടെ...?

ഉറക്കം വെറും ഒരു ചടങ്ങാവും..

പെണ്മക്കള്‍ മുതിര്‍ന്നു വീട്ടില്‍ നില്‍ക്കുമ്പോള്‍ എങ്ങനെ ഉറങ്ങാന്‍..?

കണ്ണടച്ചാലും തുറന്നാലും നഖം കൂര്പിച്ചു നില്ക്കുന്ന കാപാലികന്മാരുടെ ഇരുണ്ട ചിത്രങ്ങള്‍...

ഉറക്കം ഹോമിച്ചു മക്കള്‍ക്കായി ജീവിക്കും

ഒടുവില്‍ സ്വപ്നം കാണാന്‍ കിട്ടുന്നതാവട്ടെ വാര്‍ധക്യം മാത്രം



vardhakyathil നിറം പിടിപ്പിച്ച ഗുളികകളും മരുന്നുകളും കണ്ണുകളെയും മനസ്സിനെയും മറയ്ക്കും

അതിനുമപ്പുറം സ്വപ്നം കാണാന്‍ കൊതിച്ചു കാത്തു കിടക്കുമ്പോള്‍

ഉറക്കഗുളികകള്‍ നിറമില്ലാത്ത കുറെ സ്വപ്‌നങ്ങള്‍ നമ്മുടെ നേര്‍ക്ക്‌ നീട്ടുന്നതാവട്ടേ..

വെറും ബ്ലാക്ക്‌ & വൈറ്റ് 70 mm സ്വപ്‌നങ്ങള്‍ മാത്രവും ...